2022 പുത്തൻ ചാർത്തിലേക്ക് ലോകം
ഡിസംബറിൽ നിന്ന് ജനുവരിയിലേക്കുള്ള ദൂരമാണ് നമുക്കിടയിലുള്ളതെങ്കിലും കാലം നമുക്കായി ജനുവരിയിൽ നിന്നും ഡിസംബറിലേക്കുള്ള പ്രതീക്ഷകൾ കാത്തുവച്ചിരിക്കുന്നു. ഏവർക്കും നന്മയും സന്തോഷവും നിറഞ്ഞ 2022 ആശംസിക്കുന്നു. കഴിഞ്ഞുപോയ നല്ലതും ചീത്തയുമായ ദിനരാത്രങ്ങൾക്ക് വിടപറഞ്ഞുകൊണ്ട് പുത്തൻ പ്രതീക്ഷ നൽകിക്കൊണ്ടാണ് 2022 ന്റെ കടന്നുവരവ്.
ശിശിരകാലത്തിനു ശേഷം തളിരിടുന്ന ഇലച്ചാർത്തുകൾ പോലെയാണ് 2022 ലേക്കുള്ള പ്രതീക്ഷകളും നാമ്പിടുന്നത്. ഇലകൾ വളർന്നു പൊഴിയുംപോലെ ജീവിത വൃക്ഷത്തിലെ ഒരു ഇല പൊഴിയാൻ മണിക്കൂറുകൾ മാത്രമാണുള്ളത്. തളിരില വിടരാൻ നാമ്പുകൾ കിളിർത്തുകൊണ്ടിരിക്കുന്നു. 2021 എന്ന പഴുത്ത ഇല പുഴുക്കളാൽ സമൃദ്ധമായിരുന്നു, എന്നാൽ 2022 ലേക്ക് അടുക്കുമ്പോഴേക്ക് പുഴുക്കളുടെ ശല്യം ഒരു പരിധിവരെ തടഞ്ഞു നിർത്താൻ നമുക്കായി. ഇലതീനി പുഴുക്കളെ പോലെ മനുഷ്യായുസിനെ കാർന്നു തിന്നുന്ന കോവിഡ്,ഒമൈക്രോൺ വകഭേദങ്ങൾ മനുഷ്യന്റെ കാൽച്ചുവട്ടിൽ അലിയുമെന്ന പ്രതീക്ഷയാണ് 2022 എന്ന പുത്തൻ വർഷത്തിന്റെ കൈമുതൽ
2020 -2021 കാലയളവ് ലോകരാജ്യങ്ങൾ എല്ലാ മേഖലയിലും സ്തംഭിച്ചതായാണ് നാം കണ്ടത്. പട്ടിണിയും വിഹ്വലതകളും നമ്മളെ ഏവരെയും മൃതപ്രായരാക്കി. "എനിക്ക് ജീവനുണ്ട്" എന്ന ചിന്ത മനുഷ്യമനസ്സിനെ അടിമപ്പെടുത്തി. കൊറോണ വൈറസിനോടുള്ള ഭയം സഹജീവികളോടുള്ള വിമുഖതക്ക് വഴിതെളിച്ചപ്പോൾ ആരോഗ്യ രംഗം ഒറ്റക്കെട്ടായാണ് കോറോണക്കെതിരെ ഇറങ്ങി തിരിച്ചത്. ഉറ്റവർക്കും ഉടയവർക്കും അന്ത്യചുംബനം നല്കാനാവാതെ പലരും വിതുമ്പിയപ്പോൾ, മരണത്തെ മുഖാമുഖം കണ്ടാണ് ജീവിതമരത്തിനു കടപുഴക്കാതിരിക്കാൻ പലരും ശ്രമിച്ചത്. 2021 ൽ കോറോണയും അതിന്റെ വകഭേദമായ ഒമൈക്രോനും പിടിമുറുക്കിയെങ്കിലും തൂങ്ങിയാടുന്ന ഇലയെ പിടിച്ചു നിർത്താൻ മനുഷ്യമനസ്സിന്റെ കൂട്ടായ്മ മതിയായിരുന്നു.
2021 ൽ കോറോണക്കെതിരെ ആഞ്ഞടിച്ച ലോകജനത സ്തംഭിച്ചുപോയ പലമേഖലകളും തിരിച്ചുപിടിക്കാൻ ശ്രമിച്ചു. വിസ്മൃതിയിലായികൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങളും സഹാനുവർത്തിത്വവും കോറോണക്കെതിരെയുള്ള ആയുധമാക്കി കൊണ്ടുനടക്കുമ്പോൾ കൊറോണ പോലും പകച്ചുനിന്നുപോയി. ആഘോഷങ്ങളും ആരവങ്ങളും നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിയപ്പോഴാണ്, നഷ്ടപ്പെട്ടുപോയ കഴിഞ്ഞകാലത്തെ മനുഷ്യൻ നെഞ്ചേറ്റിയത്. ഇനിയും ഹിംസാത്മകമായ ലോകം ആവർത്തിക്കാതിരിക്കാൻ 2022 ൽ നമുക്ക് പ്രവർത്തിക്കാം.
കൊറോണ വൈറസ് മൂലം ആഗോള സമ്പത്വ്യവസ്ഥ കൂപ്പുകുത്തിയ കാഴ്ച നമ്മൾ കണ്ടതാണ്. ഇന്ത്യൻ സമ്പത്വ്യവസ്ഥ ആദ്യം ഒന്ന് നിശ്ചലമായെങ്കിലും പിന്നീട് ഉയർന്നുവന്നു . റിസേർവ് ഇന്ത്യയുടെ കണക്കുപ്രകാരം 9.5 % വളർച്ച കൈവരിക്കാൻ ഇന്ത്യക്കായിട്ടുണ്ട്. അതിനർത്ഥം കൊറോണ വൈറസ് മനുഷ്യ ശരീരത്തിനെ കാർന്നു തിന്നപ്പോഴും മനുഷ്യമനസ്സിന്റെ ഇച്ഛാശക്തിയെ പിടിച്ചുലക്കാൻ അതിനായില്ല. 2022 പുതുവർഷം അതുകൊണ്ട് തന്നെ പുത്തൻ പ്രതീക്ഷ നൽകുന്നത് വളർച്ച ഉയർത്താൻ സാധിക്കും എന്നതാണ്.
2021 ൽ ഇന്ത്യയിൽ മാത്രം 34808886 പേർക്ക് കൊറോണ ബാധിക്കുകയും അതിൽ 480592 പേർ മരണമടയുകയും ചെയ്തു.എന്നാൽ 2020 നെ അപേക്ഷിച്ചു മരണനിരക്ക് ഇതിൽ കുറവാണ്. ആരോഗ്യമേഖലയുടെ കുതിച്ചുചാട്ടം വാക്സിനുകളുടെയും പ്രതിരോധ മാര്ഗങ്ങളിലൂടെയും നമ്മൾ കണ്ടറിഞ്ഞു അതും വെറും മാസങ്ങൾക്കുള്ളിൽ. അതുകൊണ്ടു തന്നെ 2022 ൽ പുതു പ്രതീക്ഷ ഇത് നൽകുന്നു.
കോറോണയുടെ വരവോടെ ചുമരുകൾക്കുള്ളിൽ ഒതുങ്ങിയ പുത്തൻ തലമുറ പക്ഷെ, സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായപ്പോൾ കുട്ടികളുടെ ചിന്താമണ്ഡലത്തെ സ്വാധീനിച്ചു. കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ അരങ്ങേറിക്കൊണ്ടിരിക്കുന്നു , എങ്കിലും 2022 ഇലെ പൊന്പുലരിയോടെ എല്ലാം നന്മ നിറയും എന്ന് പ്രതീക്ഷിക്കാം .
വരും ദിവസങ്ങളിലും നിങ്ങൾ ഓരോരുത്തരും ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു. കോവിഡിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ നിങ്ങൾ ഓരോരുത്തരെയും ശ്രദ്ധിക്കണം. സാമൂഹ്യ ഇടപെടലുകളിൽ സ്വയം നിയന്ത്രണം ആവശ്യമാണ്. സാമൂഹ്യ അകലം പരിപാലിച്ചുകൊണ്ട് മാസ്ക് ധരിച്ചു കൈകൾ സാനിടൈസ് ചെയ്തുകൊണ്ടാവണം നമ്മൾ പുതുവർഷത്തെ വരവേൽക്കേണ്ടത്. എല്ലാ രാജ്യവും കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തിലാണ്. പല രാജ്യങ്ങളും ലോക്ഡൗണിലാണെങ്കിലും ആരോഗ്യ മേഖല ഉണർന്നു പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ 2022 വര്ഷം എല്ലാ മേഖലയിലും പുത്തൻ ഉണർവ് ആണ് നൽകുന്നത്.